തിരുവനന്തപുരം: കല്ലറയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി അപകപടം. തെങ്ങുംകോട് സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് ഇന്നലെ രാത്രി ഒമ്പതേകാലിനായിരുന്നു അപകടം നടന്നത്. തറട്ടയിൽ നിന്നും ഓട്ടം പോയി തിരികെ വരുന്ന വഴിയിൽ റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് വാഹനം വശത്തേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. വാഹനം മറിയുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഓട്ടോക്കടിയിൽ പെട്ട അഖിൽ രാജിനെ നാട്ടുകാർ ചേർന്ന് ഓട്ടോ ഉയർത്തിമാറ്റിയാണ് രക്ഷിച്ചത്. തലയ്ക്ക് പരുക്കേറ്റ അഖിൽ രാജിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.