എസ്ഐആർ: വോട്ടർ പട്ടികയിൽ പേരുണ്ടോ? എന്യുമെറേഷൻ ഫോം ഓൺലൈനായി സമർപ്പിക്കാൻ സൗകര്യമൊരുക്കി

തിരുവനന്തപുരം: എസ് ഐ ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണത്തിന് എല്ലാ മേഖലകളിൽ നിന്നും മികച്ച സഹകരണം തുടരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. സംസ്ഥാനത്തുടനീളം ഇന്ന് വൈകിട്ട് 6 മണി വരെ ഏകദേശം 46,96,493 പേർക്ക് (16.86%) എന്യൂമെറേഷൻ ഫോം വിതരണം ചെയ്തു. ഓൺലൈനായി എന്യൂമെറേഷൻ ഫോം സമർപ്പിക്കാനുള്ള സംവിധാനവും ഇന്ന് പ്രവർത്തനസജ്ജമാക്കി. പരിശോധനക്കും ഫോം പൂരിപ്പിച്ചു നോക്കുന്നതിനുമായി ഐടി നോഡൽ ഓഫീസർമാർക്ക് ഇവ കൈമാറി.

ഓൺലൈനായി എന്യൂമെറേഷൻ ഫോം സമർപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഇ-സൈൻഡ് ഫോമുകൾ ഒരു വോട്ടറിനു തനിക്ക് വേണ്ടി മാത്രം പൂരിപ്പിക്കാൻ പാകത്തിന് രൂപപ്പെടുത്തിയതാണ്.
എപിക് (2025) ലെ പേരും ആധാർ ഉപയോഗിച്ച് ഇ സൈൻ ചെയ്യുന്ന ടൂളിലെ പേരും ഒന്നുതന്നെയായിരിക്കണം.
തുടർ പ്രവർത്തനങ്ങൾക്കായി സമ്മതിദായകന്റെ മൊബൈൽ നമ്പർ എപിക്കുമായി (EPlC) ബന്ധപ്പെടുത്തിയിരിക്കണം, ഇല്ലെങ്കിൽ ഫോം 8 വഴി വോട്ടർ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം. ഫോം 8, ഇ-സൈൻ വഴി മാത്രമേ സമർപ്പിക്കാനാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
മേൽപറഞ്ഞ രീതിയിൽ ബന്ധിപ്പിക്കാത്തവർ ബി എൽ ഓ വഴി തന്നെ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്.
എന്യൂമറേഷൻ ഫോം വിതരണം പൂർത്തീകരിച്ച 13 ബിഎൽഒമാരുമായി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തിയെന്നും അവരെ അനുമോദിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇന്ന് നടന്ന രാഷ്ട്രീയ പാർട്ടികളുമായുള്ള യോഗത്തിൽ എസ്ഐആറിൻ്റെ പുരോഗതി അറിയിച്ചതായും തുടർ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ സഹകരണം അഭ്യർത്ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.