ഗുവാഹത്തി: ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ 408 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. 549 റണ്‍സ്വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ അവസാന ദിനം ലഞ്ചിന് മുമ്പ് 140 റണ്‍സിന് ഓള്‍ ഔട്ടായാണ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്. അഞ്ച് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്സില്‍ 139 പന്ത് നേരിട്ട സായ് സുദര്‍ശന്‍ 14 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് 13ഉം വാഷിംഗ്ടണ്‍ സുന്ദര്‍ 16ഉം റണ്‍സെടുത്ത് പുറത്തായി.
27-2 എന്ന സ്കോറിലാണ് ഇന്ത്യ അവസാന ദിനം ക്രീസിലെത്തിയത്. 37 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത സിമോണ്‍ ഹാർമറാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത്. മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സെനുരാന്‍ മുത്തുസാമിയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ രണ്ടാമത്തെ മാത്രം വൈറ്റാവാഷ് ആണിത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 489, 260-5, ഇന്ത്യ 201-140.