ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ, ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേസിൽ മൂന്നാം പ്രതിയാക്കിയത്.
അറസ്റ്റിലായ മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്‌ഐടി സംഘം എൻ. വാസുവിനെ നേരത്തെ ചോദ്യംചെയ്തിരുന്നു.സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്‌പോൺസറുടെ കൈവശം ബാക്കി സ്വർണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം. എൻ. വാസു പ്രസിഡന്റായിരിക്കെയാണ് സ്വർണംപൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ സന്ദേശം ലഭിച്ചത്. സ്വർണം ബാക്കിയുണ്ടെന്നും ഇത് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയിൽ സന്ദേശം. എന്നാൽ, ഇതുസംബന്ധിച്ച് വാസു നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല.
എൻ വാസുവിന്റെ അറസ്റ്റോടെ, സ്വർണക്കവർച്ച കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.