തിരുവനന്തപുരം: എസ്‌ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒ) രാത്രിയിലും വീടുകളില്‍ വന്നേക്കും. പകല്‍ ജോലി സ്ഥലങ്ങളിലുള്ളവര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ വൈകീട്ടോ രാത്രിയിലോ വീടുകളിലെത്തി അവരെ കാണാനാണ് നിര്‍ദേശം.
വീടുകളില്‍ പകല്‍ സമയം ആളില്ലാത്ത സ്ഥിതിയുള്ളതനാലാണ് ഈ നിര്‍ദേശം. ഇതൊഴിവാക്കാന്‍ രാത്രി സന്ദര്‍ശനം ഗുണകരമാവുമെന്നാണ് കമ്മീഷന്‍ വിലയിരുത്തുന്നത്.
2025 ഒക്ടോബര്‍ 27 വരെ വോട്ടര്‍പട്ടികയിലുള്ള എല്ലാവര്‍ക്കും വീടുകളിലെത്തി എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യും. 2002ലെയും 2025ലെയും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഫോമില്‍ ഒപ്പിട്ട് നല്‍കണം. മറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. അതേസമയം 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ടവരും 2002ലെ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായവര്‍ മാതാപിതാക്കള്‍ 2002ലെ പട്ടികയിലുണ്ടെങ്കില്‍ മറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ട. ഇക്കാര്യം ഫോമില്‍ സൂചിപ്പിക്കണം. കൂടാതെ മാതാപിതാക്കളുടെ വോട്ടര്‍ വിശദാംശങ്ങള്‍ ഫോമില്‍ ചേര്‍ക്കുകയും വേണം.
നവംബര്‍ നാലുമുതല്‍ ഡിസംബര്‍ നാലുവരെയാണ് ഫോം വിതരണവും തിരികെ വാങ്ങലും നടക്കുക. ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുന്നതിനൊപ്പം രസീതും കൈമാറും. ക്യൂ.ആര്‍ കോഡും ഫോട്ടോ ഒട്ടിക്കാനുള്ള സൗകര്യവുമുള്ള ഫോമുകളാണ് നല്‍കുക. അതേസമയം, ഫോട്ടോ ഒട്ടിക്കല്‍ നിര്‍ബന്ധമല്ല. ഡിസംബര്‍ നാലുവരെ വിവരശേഖരണം മാത്രമാണ് നടക്കുക. ഈ സമയത്ത് മറ്റ് സൂക്ഷ്മ പരിശോധനകളൊന്നും ഉണ്ടാകില്ല. എന്യൂമറേഷന്‍ ഫോം തിരികെ നല്‍കിയ എല്ലാവരെയും കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. പിന്നീടാണ് സ്വീകരിക്കലും തുടര്‍പരിശോധനയും. വിദേശത്തുള്ളവര്‍ക്കായി അവരുടെ ഫോമില്‍ അടുത്ത ബന്ധുക്കള്‍ക്ക് ഒപ്പിട്ടു നല്‍കാം.