തിരുവനന്തപുരം പേട്ട പാറ്റൂർ ജങ്‌ഷനിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നന്ദാവനം റസിഡൻസ് അസോസിയേഷൻ എൻആർഎ 133ൽ മുനീറ ബീവി (47) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൾ റഷീദ് (56) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മകൾ ഫിദ ഫാത്തിമ (25), മുനീറയുടെ സഹോദരന്റെ മകനും കാർ ഓടിച്ചിരുന്നയാളുമായിരുന്ന സൽമാൻ (19) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായർ രാത്രി 12 മണിഓടെയാണ് അപകടം. ബൈപാസിൽ നിന്നെത്തിയ കാർ പാറ്റൂർ ജങ്‌ഷനിലെ ആർട്ടെക് ബിൽഡിങ്ങിനുമുന്നിൽവച്ച് നിയന്ത്രണം തെറ്റി ഡിവൈഡറിന് മുകളിലേക്ക് കയറി പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഇടതുവശത്തെ എയർബാഗ് പൊട്ടിയിട്ടുണ്ട്. അബ്ദുൾ റഷീദാണ് അവിടെയിരുന്നത്. എയർബാഗ് ഓണായതിനാൽ ഡ്രൈവർ സൽമാന് കൈയിൽ പൊട്ടലുണ്ടായതൊഴിച്ചാൽ വലിയ പരിക്കുകളില്ല. പിന്നിലിരുന്ന മുനീറ ബീവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.