തൃശൂരില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്

തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി അര്‍ച്ചന ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണിനും ഭര്‍തൃമാതാവ് രജനിക്കുംതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

അര്‍ച്ചനയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നതാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. താന്‍ പഠിച്ചിരുന്ന കോളജിന്റെ മുന്നില്‍വെച്ച് ഷാരോണ്‍ അര്‍ച്ചനയെ മര്‍ദിച്ച സംഭവം കോളജ് സുരക്ഷാ ജീവനക്കാര്‍ വീട്ടുകാര്‍ക്ക് വിവരം അറിയിച്ചതോടെയാണ് പുറത്തുവന്നത്. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ച്ചനയ്ക്ക് കുടുംബവുമായി സംസാരിക്കാനുപോലും ഷാരോണ്‍ അനുവദിക്കാറില്ലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

നിലവില്‍ ഷാരോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ തീകൊളുത്തിയാണ് ഗര്‍ഭിണിയായ അര്‍ച്ചന ജീവനൊടുക്കിയത്. വീടിന്റെ പിറകിലുള്ള കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

ആറുമാസം മുമ്പാണ് പ്രണയവിവാഹമായി ഇരുവരും വിവാഹിതരായത്. വിവാഹത്തിനു ശേഷം ഇടയ്ക്കിടെ വഴക്കുകളും സംഘര്‍ഷങ്ങളും ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. ഈ അടിസ്ഥാനത്തിലാണ് പൊലീസ് ഷാരോണിനെ വിശദമായി ചോദ്യം ചെയ്യുന്നത്