മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. ഇവിടെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30ഓടെ സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങുമുണ്ട്. അന്നേദിവസം പൂജകളില്ല. തിങ്കള്‍ പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനത്തിന് തുടക്കമാകും....