രണ്ട് ദിവസമായി ഉയർന്ന് നിന്ന സ്വർണവില ഇന്ന് ഇടിഞ്ഞു താഴ്ന്നു. ഇന്നലെ ഒരു പവന് 92,280 രൂപ വിലയുണ്ടായിരുന്ന സ്വർണം ഇന്ന് പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി. ഒരു ഗ്രാമിന് 65 വച്ചാണ് കുറഞ്ഞത്. ഇന്നലെ 11,535 രൂപയുണ്ടായിരുന്ന ഒരു ഗ്രാമിന്റെ വില 11,470 രൂപയായും കുറഞ്ഞിട്ടുണ്ട്. തുടർച്ചയായി കുതിച്ചു കയറിക്കൊണ്ടിരുന്ന സ്വർണവില താഴേക്ക് ഇറങ്ങുന്നത് വിവാഹ ആവശ്യങ്ങൾക്ക് ആഭരണം വാങ്ങാൻ ഇരിക്കുന്നവർക്ക് അടക്കം ആശ്വാസം നൽകുന്നതാണ്. അതേ സമയം വൈകുന്നേരം വില വർദ്ധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.ഈ മാസം 13 നാണ് പൊന്ന് അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്‍റെ വില. നവംബർ 5 ലെ 89,080 രൂപ എന്ന വിലയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായി കണക്കാക്കുന്നത്. ലോകവിപണിയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളാണ് ഇന്ത്യയിലെയും സ്വർണ വിലയെ സ്വാധീനിക്കുന്നത്. സ്വർണം നിക്ഷേപമായി കാണുന്നവർക്കാണ് വില കൂടുതൽ കൊണ്ട് ഗുണമുണ്ടാകുക.