അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്

അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.

നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.

സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും