വർക്കല പൊലീസ് സംശയം തോന്നി കസ്റ്റഡിയിലെടുത്തത് തമിഴ്‌നാട് പൊലീസ് തിരഞ്ഞ പ്രതികളെ; ഇരുവരെയും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായി തമിഴ്നാട്ടിൽ നിന്നും മുങ്ങിയ രണ്ടു പേരെ വർക്കലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ ശരവണൻ(22), ഗോകുൽ ദിനേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. സംശയം തോന്നി കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികൾ ഒന്നും വിട്ടുപറയാതെ വന്നതോടെ തമിഴ്‌നാട് പൊലീസിൽ ബന്ധപ്പെട്ടപ്പോഴാണ് ഇരുവരും ക്രിമിനൽ കേസ് പ്രതികളാണെന്ന് മനസിലായത്.
വധശ്രമം, മോഷണം അടക്കം തമിഴ്‌നാട്ടിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറയുന്നു. പാപനാശം വിനോദസഞ്ചാര മേഖലയിൽ നിന്ന് സംശയാസ്‌പദമായ സാഹചര്യത്തിലാണ് വർക്കല പൊലീസ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ഇവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും യാതൊന്നും വിട്ടുപറഞ്ഞില്ല. ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇവർ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശികളാണെന്ന് പൊലീസിന് മനസിലായി. തുടർന്ന് ഇരുവരെയും വർക്കല പൊലീസ് കരുതൽ തടങ്കലിലെടുത്തു.

പിന്നീടാണ് തമിഴ്നാട് പൊലീസിൽ ബന്ധപ്പെട്ടത്. തമിഴ്നാട് വടവള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമം ,മോഷണം ഉൾപ്പെടെ കേസുകളിൽ കസ്റ്റഡിയിലുള്ള രണ്ട് പേരും പ്രതികളാണെന്ന് ഈ അന്വേഷണത്തിൽ ബോധ്യമായി. പിന്നീട് തമിഴ്‌നാട്ടിൽ നിന്നും പൊലീസുകാർ തിരുവനന്തപുരത്ത് വർക്കലയിലെത്തി. രണ്ട് പ്രതികളെയും തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.