തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിക്ക് നേരെ പൊലീസ് വെടി ഉതിർത്തു. തിരുവനന്തപുരത്ത് ആര്യങ്കോടാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതി കൈലി കിരണിന് നേരെയാണ് എസ്എച്ച്ഒ തൻസീം അബ്ദുൽ സമദ് ആണ് വെടിയുതിർത്തത്. പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടി ഉതിർത്തത്. 12ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. കാപ്പ വകുപ്പ് ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇയാൾ വീട്ടിലെത്തിയത് അന്വേഷിച്ചാണ് പൊലീസ് എത്തിയത്. ഇതിനിടയിലാണ് പ്രതി വാൾ കൊണ്ട് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത്. ഈ ഘട്ടത്തിലാണ് പൊലീസ് വെടിവെച്ചത്.
കൈലി കിരണിനെതിരെ 2 കേസ്
കാപ്പ പ്രതിക്കെതിരെ കൈലി കിരണിനെതിരെ രണ്ട് കേസുകളെടുത്ത് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനുമാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് പ്രതി പൊലീസിനെ വധിക്കാൻ ശ്രമിച്ചത്. വധശ്രമത്തിനിടയിൽ എസ് എച്ച് ഒ പ്രതിക്ക് നേരെ വെടിയുതിർത്തിരുന്നു.