നാലാമത്തെ മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിന്റെ ഘടന, ഹൈഡ്രോ-മെക്കാനിക്കല്‍ ഉപകരണങ്ങള്‍, ഗാലറി ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ സമിതി നേരിട്ടു പരിശോധിച്ചു. 2025ലെ മണ്‍സൂണിന് ശേഷമുള്ള അണക്കെട്ടിന്റെ നില വിലയിരുത്തിയതിനെ തുടര്‍ന്നാണ് സമിതി ഈ വിലയിരുത്തല്‍ നടത്തിയത്.
‘അണക്കെട്ടിനെ ചൊല്ലിയുള്ള കേരള-തമിഴ്‌നാട് തര്‍ക്ക വിഷയങ്ങള്‍ യോഗത്തില്‍ രമ്യമായി പരിഹരിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് ചില ഉപകരണങ്ങള്‍ നല്‍കാന്‍ സമ്മതിച്ചിരിക്കുകയാണ്. അതുപോലെ വനമേഖലയിലൂടെ അണക്കെട്ട് പ്രദേശത്തേക്ക് തമിഴ്‌നാടിന് ആവശ്യമായ പ്രവേശനം നല്‍കാന്‍ കേരള സര്‍ക്കാര്‍ സമ്മതം നല്‍കിയതുമാണ്,’ അനില്‍ ജെയിന്‍ പറഞ്ഞു.
അണക്കെട്ടിന്റെ വെള്ളത്തിനടിയിലെ ഘടന വിലയിരുത്തുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ (ROV) സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ കേരളം ഗ്രൗട്ടിംഗ് ജോലികള്‍ക്ക് അനുമതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
ചെയര്‍മാന്‍ അനില്‍ ജെയിനിനൊപ്പം എന്‍ഡിഎസ്എ അംഗം രാകേഷ് ടോട്ടേജ, ബെംഗളൂരുവിലെ ഐ.ഐ.എസ്.സി പ്രതിനിധി ആനന്ദ് രാമസാമി, തമിഴ്‌നാട് സൂപ്പര്‍വൈസറി കമ്മിറ്റി സെക്രട്ടറി ജെ ജയകാന്തന്‍, കേരള സൂപ്പര്‍വൈസറി കമ്മിറ്റി അംഗം ബിശ്വനാഥ് സിന്‍ഹ, സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സുബ്രഹ്‌മണ്യന്‍, ഐഎസ്ഡബ്ല്യു-ഗോക് അംഗം ആര്‍ പ്രിയേഷ് എന്നിവരും അണക്കെട്ട് പ്രദേശം സന്ദര്‍ശിച്ചു.