കൊല്ലത്ത് ഓട്ടോറിക്ഷകളിൽ മഫ്തിയിൽ യാത്ര ചെയ്തു മോട്ടർ വാഹനവകുപ്പ്

കൊല്ലം : ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുന്നതിനെതിരെ മിന്നൽ പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. മഫ്തിയിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി ഓട്ടം പിടിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസ് ഡിപ്പോ, റെയിൽവേ സ്റ്റേഷൻ, രണ്ടാംകുറ്റി, കലക്ടറേറ്റ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥർ ഓരോരുത്തരായി ആശ്രാമത്തേക്ക് ഓട്ടോ പിടിച്ചത്. 

ഇവയിൽ ഒരു ഓട്ടോറിക്ഷക്കാരൻ ഒഴികെ ബാക്കി ആരും മീറ്റർ ഇട്ടിരുന്നില്ല. ഇവരെല്ലാം ഇരട്ടിയോളം തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മീറ്റർ ശരിയായി പ്രവർത്തിപ്പിക്കുകയും കൃത്യമായ നിരക്ക് ഈടാക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർ സന്തോഷ്‌ കുമാറിനെ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു..