*മെമ്പറായാൽ എത്ര കിട്ടും? ജനപ്രതിനിധികളുടെ ശമ്പളമറിയാം*

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ഗ്രാമങ്ങളൊക്കെ സജീവമായി. അഞ്ച് വർഷത്തിന് ശേഷം രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്ഥാനാർഥികളുമായി വീടുകളിൽ എത്തി തുടങ്ങിയിട്ടുണ്ട്. ജനങ്ങളിലേക്കെത്തി ജനങ്ങളുടെ വോട്ട് വാങ്ങി മെമ്പർ ആയി പോകുന്നവർ പിന്നീട് അടുത്ത തെരഞ്ഞെടുപ്പ് കാലത്താണ് വീണ്ടും വരുന്നതെന്ന ഹാസ്യ രൂപേണയുള്ള വിമർശനങ്ങളും സജീവമായിട്ടുണ്ട്. എന്നാൽ പലർക്കും ധാരണയില്ലാത്ത കാര്യമാണ് നമ്മൾ ജയിപ്പിച്ചു വിടുന്ന അംഗങ്ങൾ എത്ര സമ്പാദിക്കുന്നു എന്നത്. ആളുകളുടെ ശമ്പളമറിയുക എന്നത് മലയാളി കൗതുക ബോധത്തിന്റെ ഭാഗം കൂടിയാണ്. എന്നാൽ കരുതുന്നത്ര ശമ്പളം ഇവർക്കൊന്നും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 16,800 ലഭിക്കുമ്പോൾ വൈസ് പ്രസിഡന്റിന് 14,200 രൂപയാണ് ലഭിക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 10,400 രൂപയും ജില്ലാ പഞ്ചായത്ത് അംഗത്തിന് 9,800 രൂപയും ലഭിക്കും. ഇനി നഗരസഭയിലേക്ക് വന്നാൽ നഗരസഭ ചെയർമാന് 15,600 ലഭിക്കുമ്പോൾ വൈസ് ചെയർമാന് 13,000 ലഭിക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 9,800 രൂപയും നഗരസഭ കൗൺസിലർക്ക് 8,600 രൂപയും ലഭിക്കും.കൂട്ടത്തിൽ താരതമ്യേന കൂടുതൽ ലഭിക്കുന്നത് കോർപറേഷനിലാണ്. ഒരു മേയർക്ക് 15,800 രൂപ ലഭിക്കുമ്പോൾ ഡെപ്യൂട്ടി മേയർക്ക് ലഭിക്കുന്നത് 13,200 രൂപയാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും കൗൺസിലർക്ക് 8,200 രൂപയും ലഭിക്കും. ഇനി ഒരു ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡറന്റിന് 15,600 രൂപ ലഭിക്കുമ്പോൾ വൈസ് പ്രസിഡന്റിന് ലഭിക്കുന്നത് 13,000 രൂപ. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 9,800 രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 8,600 രൂപയും ലഭിക്കും.ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന് 14,200 രൂപയും വൈസ് പ്രസിഡന്റിന് 11,600 രൂപയുമാണ് ശമ്പളം. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാണ് 9,200 രൂപയും ഒരു പഞ്ചായത്ത് അംഗത്തിന് 8,000 രൂപയും ലഭിക്കുന്നു. ഇതിനുപുറമെ പ്രതിമാസ ശമ്പളത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അംഗങ്ങൾക്ക് ബത്തയുണ്ട്. ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കും മുൻസിപാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ പദവി വഹിക്കുന്നവർക്കും കോർപ്പേറേനുകളിലെ മേയർമാർക്കും ഡെപ്യൂട്ടി മേയർമാർക്കും സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും ഒരു യോഗത്തിന് 250 രൂപ വരെ ബത്ത ലഭിക്കും. ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജർ ബത്തയായി എഴുതിയെടുക്കാനാവുക. ഗ്രാമപഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള സമിതികളിലെ മെമ്പർമാർക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജർ ബത്ത.ഇനി മറ്റ് ജനപ്രതിനിധികളുടെ കാര്യമെടുത്താൽ ഇന്ത്യൻ രാഷ്ട്രപതിക്ക് അഞ്ചുലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക് നാലുലക്ഷം രൂപയും പ്രധാനമന്ത്രിക്ക് രണ്ടുലക്ഷം രൂപയും ഗവർണർമാർക്ക് മൂന്നരലക്ഷം രൂപയും പാർലമെന്റ് അംഗത്തിന് ശമ്പളവും ആനുകല്യങ്ങൾ ഉൾപ്പെടെ ഒരു ലക്ഷം രൂപയുമാണ് പ്രതിമാസം ലഭിക്കുക. മുഖ്യമന്ത്രിമാരുടെയും എംഎൽഎമാരുടെ ശമ്പളം ഓരോ സംസ്‌ഥാനത്തും വ്യത്യസ്‌തമാണ്. എന്നാൽ കോവിഡിന് ശേഷം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എംപിമാരും ഒരു വർഷത്തേക്ക് 30 ശതമാനം ശമ്പളം വെട്ടിക്കുറച്ചിരുന്നു.