ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയില്‍ അന്തരിച്ചു. 2002 ല്‍ കസ്തൂരി രാജയുടെ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിന് അരങ്ങേറ്റം കുറിച്ചത്. ധനുഷ് നായകനായ ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനയ് ശ്രദ്ധ നേടുകയായിരുന്നു. ശേഷം ജംഗ്ഷന്‍(2002), ശിങ്കാര ചെന്നൈ(2004), പൊന്‍ മേഗലൈ(2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സോളൈ (2009), തുപ്പാക്കി(2012), അഞ്ജാന്‍ (2014) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മാസങ്ങളായി കരള്‍ രോഗത്തോട് മല്ലടിച്ച അഭിനയ്‌യുടെ സാമ്പത്തിക സ്ഥിതി ചികിത്സാചെലവുകള്‍ വര്‍ധിച്ചതോടെ വഷളായി സിനിമാമേഖലയില്‍ നിന്നു സഹായം തേടിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സക്കായി ധനുഷ് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.