കുളത്തൂപ്പുഴ: മൈലമൂട്ടിൽ വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർച്ച ചെയ്ത സംഘത്തെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ സ്വദേശി തന്റെ സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിൻ എന്നയാളുടെ കുളത്തൂപ്പുഴ മൈലമൂടിൽ ഉളള വീട്ടിൽ താമസിച്ചു വരവേ വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്ന ലിക്വിഡ് രൂപത്തിലുളള 600 ഗ്രാം സ്വർണ്ണവും 300 ഗ്രാം സ്വർണ്ണം വിറ്റു കിട്ടിയ 32 ലക്ഷം രൂപയും സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിനും കൂട്ടാളികളും ചേർന്ന് വീട്ടിൽ കടന്നു കയറി പിടിച്ചു പറിച്ച് കടന്നു കളയുകയായിരുന്നു. തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ പ്രതികളായ തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തു പച്ച എന്ന സ്ഥലത്ത് ചാമക്കാല ഹൌസിൽ സുബിൻ (32), തിരുവനന്തപുരം മണക്കാട് വില്ലേജിൽ ചാലയിൽ ഫ്രണ്ട്സ് നഗറിൽ ഷെഫീക് (39), തിരുവനന്തപുരം മുട്ടത്തറ വില്ലേജിൽ വളളക്കടവ് മുട്ടത്തറ ആതിരാഭവനിൽ കുക്കു എന്നു വിളിക്കുന്ന അരുൺകുമാർ (33) , തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തുപച്ച ചാമക്കാല ഹൌസിൽ ഷെറിൻ എന്നു വിളിക്കുന്ന അരുൺ ബാബു (38) എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ് അന്വേഷണത്തിലൂടെ പിടികൂടിയത്. പ്രതികളിൽ നിന്നും 22 ലക്ഷത്തോളം രൂപയും പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനീഷ്. ബിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷിജു.എസ്.എസ്, ഷാജഹാൻ, വിനോദ് കുമാർ, സൂരജ് സ്റ്റീഫൻ, പോലീസുദ്യോഗസ്ഥരായ സുജിത് , രാംകുമാർ, അഭിലാഷ്, അലിഫ്, ആദർശ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.