കേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍, മധ്യ കേരളങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കി. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് യുഎഇ നിര്‍ദേശിച്ച ‘സെന്‍യാര്‍’ എന്ന പേരില്‍ അറിയപ്പെടുമെന്നും വകുപ്പ് അറിയിച്ചു. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിനോദയാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണമാണുള്ളത്.

അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രാബല്യത്തില്‍. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായ് പരിഗണിക്കുക. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

കന്യാകുമാരിക്ക് മുകളിലുള്ള ചക്രവാതചുഴ സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന് പ്രധാന കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.