ജിം ട്രയിനര്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത; മരണം പാമ്പുകടിയേറ്റല്ലെന്ന് സ്ഥിരീകരണം


വടക്കാഞ്ചേരി: ജിം ട്രയിനറും ബോഡി ബില്‍ഡറുമായ കുമരനല്ലൂര്‍ ഒന്നാംകല്ല് ചങ്ങാലി പടിഞ്ഞാറേതില്‍ മണികണ്ഠന്റെ മകന്‍ മാധവ് (27) മരിച്ച സംഭവത്തില്‍ ദുരൂഹത. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പുകടിയേറ്റതിന്റെ പാടുകളോ രക്തത്തില്‍ വിഷത്തിന്റെ അംശമോ കണ്ടെത്താനായിട്ടില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ മാധവിനെ കണ്ടെത്തിയതോടെ സംഭവം പുറത്ത് വന്നത്. ദിവസവും പുലര്‍ച്ചെ ജിമ്മിലേക്ക് പോകാറുണ്ടായിരുന്ന മാധവ് അന്ന് എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് മാതാവ് അയല്‍വാസികളുടെ സഹായത്തോടെ മുറിയുടെ വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. അപ്പോള്‍ മൃതദേഹം നീലനിറമായ നിലയിലായിരുന്നതായും മുറിയിലെ തറയില്‍ രക്തം കാണപ്പെട്ടതായും പറയുന്നു. മരണത്തിന് മുന്‍ ദിവസം രാത്രി 8.30ഓടെ വീടിന് മുന്നില്‍ പാമ്പിനെ കണ്ട മാധവ് അതിന്റെ ചിത്രം സുഹൃത്തിന് അയച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനെ തുടര്‍ന്നാണ് ആദ്യം പാമ്പുകടിയെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ആ സംശയം തെറ്റാണെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയില്‍ മരണകാരണം വ്യക്തമാകാത്തതിനാല്‍, മാധവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വിശദപരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. വരാനിരിക്കുന്ന വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിനു തയ്യാറെടുക്കുകയായിരുന്ന മാധവ് പ്രോട്ടീന്‍ പൗഡര്‍ പോലുള്ള ചില സപ്ലിമെന്റുകള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവയ്ക്കും മരണത്തിനും തമ്മില്‍ ബന്ധമുണ്ടോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു