ദേശീയപാത 66ലെ (കാസർകോട്–തിരുവനന്തപുരം) സർവീസ് റോഡുകൾ ഇനി വൺവേ. കലക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണു തീരുമാനം. നേരത്തേ സർവീസ് റോഡുകളിൽ ഇരുവശത്തുകൂടിയും സർവീസ് അനുവദിച്ചിരുന്നതാണ് ഒഴിവാക്കിയത്. അതോടൊപ്പം സർവീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാൻഡുകൾ, വാഹന പാർക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാനും തീരുമാനം..
ദീർഘദൂര ബസുകൾ മാത്രം
∙ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ മാത്രമേ ഹൈവേ വഴി സർവീസ് നടത്താവൂ.
∙ സ്റ്റേജ് ക്യാരേജ് ബസുകൾ സർവീസ് റോഡുള്ള ഭാഗങ്ങളിൽ അതുവഴി മാത്രമേ പോകാവൂ. നിർദിഷ്ട സ്റ്റോപ്പുകളിൽ നിർത്തണം.
∙ ദേശീയപാതയിൽ ബസുകൾ നിർത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്.
∙ ഹൈവേയിലെ ക്യാമറകൾ പരിശോധിച്ചു നടപടി സ്വീകരിക്കും