കരൂർ ദുരന്തത്തിന് ശേഷം പൊതുപരിപാടികൾക്കുള്ള അനുമതി ടിവികെയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സേലത്ത് ഡിസംബർ നാലിന് പ്രഖ്യാപിച്ച പരിപാടിയുടെ തീയതി മാറ്റണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇൻഡോർ പരിപാടിയുമായി വിജയ് ഇറങ്ങുന്നത്. വിദ്യാർഥികൾ, യുവജനങ്ങൾ, കർഷകർ, സാധാരണക്കാർ തുടങ്ങി ക്യു ആർ കോഡ് വഴി രജിസ്റ്റർ ചെയ്ത 2000 പേരാണ് പരിപാടിയിൽ പങ്കെടുക്കുക.
നാളെ രാവിലെ 11ന് കാഞ്ചീപുരം ജേപ്പിയാർ കോളജിലാണ് ഉള്ളരങ്ങ് നടക്കുക. ടിവികെയുമായി സഖ്യമുണ്ടാക്കണമെന്ന് പിസിസിയിലെ ആവശ്യം ശക്തമായതോടെ, ഡിഎംകെയുമായി ചർച്ചകൾ നടത്താൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചു. വിജയുടെ ജനസമ്മതി കോൺഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലിലായിരുന്നു പിസിസി. എന്നാൽ ഡിഎംകെയ്ക്ക് ഒപ്പം നിൽക്കണമെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് സമിതി രൂപീകരിച്ചത്. തമിഴ്നാട്, പുതുച്ചേരി ചുമതലയുള്ള ഗിരീഷ് ചോദൻകർ ആണ് സമിതി അധ്യക്ഷൻ. ടിഎൻപിസിസി അധ്യക്ഷൻ ശെൽവപെരുന്തകെ ഉൾപ്പെടെ അഞ്ച് പേരാണ് സമിതിയിൽ. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും. സമിതി രൂപീകരിച്ചതിനെ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം സ്വാഗതം ചെയ്തു. അഭ്യൂഹങ്ങൾ അവസാനിപ്പിയ്ക്കാൻ സമിതി ഗുണം ചെയ്യുമെന്നും ചിദംബരം എക്സിൽ കുറിച്ചു.