കടയ്ക്കലിൽ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍

കടയ്ക്കൽ: വിദേശ പഠനത്തിനും ഉപരിപഠനത്തിനുമായി ആളുകൾക്ക് പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലുള്ള വിവിധ കോഴ്സുകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും ,മാർക്ക് ലിസ്റ്റുകളും, കൺസേൺലറ്ററും ഉണ്ടാക്കി പണം തട്ടിയ കൊല്ലം കടയ്ക്കൽ കുമ്മിൾ മുല്ലക്കര നിസാമുദ്ദീൻ മൻസിലിൽ അഫ്സലിനെ(28)യാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തപ്പോഴാണ് തട്ടിപ്പു വിവരങ്ങൾ പുറത്തായത്. ഇവിടെ നിന്ന് വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, കൺസേൺ ലെറ്ററുകൾ എന്നിവ പിടിച്ചെടുത്തു. ഉന്നത വിദ്യാഭ്യാസത്തിനും സ്വദേശത്തും വിദേശത്തും ജോലിക്കുമായാണ് ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലും വിദേശത്തും ഉപരിപഠന സൗകര്യം ഒരുക്കാമെന്ന് വിശ്വസിപ്പിച്ചു വലിയ തുകകൾ പലരിൽ നിന്നും കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഐഎസ്എച്ഓ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷിജു ടി, ബിജുകുമാർ, ഉദയകുമാർ, എ എസ് ഐ സജീവ് ഖാൻ എസ് സി പി ഓ ഷിറാസ്, സിപിഒ മാരായ സജിൻ, വിഷ്ണു, വൃന്ദാവൻ,വൃന്ദ, ദിവ്യ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപെട്ടു കൂടുതൽ അന്വേഷണം നടന്നു വരികയാണ്