ശബരിമല വ്രതത്തിലായിരുന്ന വിദ്യാര്‍ഥിക്ക് കറുപ്പ് ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി


തൃശൂരില്‍ ശബരിമല വ്രതത്തിലായിരുന്ന വിദ്യാര്‍ഥിക്ക് കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. തൃശൂര്‍ എളവള്ളി ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പരാതി.

നവംബര്‍ മൂന്ന് മുതല്‍ കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായും പഠനം വിലക്കിയതായും രക്ഷിതാക്കള്‍ പറയുന്നു. എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം.

കറുപ്പ് വസ്ത്രം സ്‌കൂള്‍ മാനുവലിന് വിരുദ്ധമായതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വിലക്കുള്ളതിനാല്‍ കുട്ടിക്ക് സ്‌കൂളില്‍ പോകാനാവില്ലെന്നും ഉടന്‍ അനുകൂല തീരുമാനമുണ്ടാവണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം