ഇത്യോപ്യയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ 12,000 വര്‍ഷത്തിനിടെ ആദ്യമായി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഡിസ് അബാബയില്‍ നിന്ന് 500 മൈല്‍ അകലെയുള്ള ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. അപകടം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിച്ചു. അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായ സാഹചര്യത്തിലാണിത്. വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
നെടുമ്പാശ്ശേരിയില്‍നിന്നുള്ള രണ്ട് വിമാന സര്‍വിസുകള്‍ റദ്ദാക്കി. വൈകീട്ട് 6.30ന് ജിദ്ദക്കുള്ള ആകാശ് എയര്‍, 5.10നുള്ള ഇന്‍ഡിഗോയുടെ ദുബൈ സര്‍വിസ് എന്നിവയാണ് റദ്ദാക്കിയത്. വൈകീട്ട് ദുബൈയില്‍നിന്ന് എത്തേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം എത്തിയില്ല. ആകാശ് എയറില്‍ നിരവധി ഉംറ തീര്‍ഥാടകരുണ്ടായിരുന്നു. ഇന്‍ഡിഗോ യാത്രക്കാരെ ചൊവ്വാഴ്ച ദുബൈയിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആകാശ് എയര്‍ യാത്രക്കാരുടെ കാര്യത്തില്‍ തീരുമാനമായില്ല.