എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിന്റെ വാരണാസി വിമാനത്തിന് ബോംബ് ഭീഷണി.മുംബൈയിൽ നിന്ന് വിമാനം പുറപ്പെട്ട ശേഷമാണ് ഭീഷണി സന്ദേശമെത്തിയത്. ഇമെയിൽ വഴിയാണ് സന്ദേശമെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ വിവരം സർക്കാർ വൃത്തങ്ങളെ അറിയിച്ചുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. തങ്ങളുടെ വാരണാസി വിമാനത്തിന് ഭീഷണി ലഭിച്ചവിവരം എയർ ഇന്ത്യ എക്സ്പ്രസ് സ്ഥിരീകരിച്ചു.

വിമാനം വാരാണസി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ ആളുകളെ ഇറക്കി സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കിയെന്നും വിമാനകമ്പനി അറിയിച്ചു.ഇൻഡിഗോക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.

ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് ഇൻഡിഗോക്ക് ലഭിച്ച ഭീഷണി സന്ദേശം. ഇന്ന് ഉച്ചക്ക് ശേഷമാണ് ഇൻഡിഗോക്ക് ഭീഷണിസന്ദേശം ലഭിച്ചതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. ഇൻഡിഗോയും ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.