തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്. സംഭവത്തില്‍ മാതാവിന്റെ ആണ്‍സുഹൃത്തിന്റെ സഹോദരനും സംശയനിഴലിലാണ്.യുവതി നെടുമങ്ങാട് സ്വദേശിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതപരിവര്‍ത്തനം നടത്തിയത്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെ വച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. കുട്ടിയെ പത്താം ക്ലാസ് സമയത്ത് യുകെയില്‍ കൊണ്ടുപോയ സമയത്തായിരുന്നു ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി പലതരത്തിലുള്ള വീഡിയോകള്‍ ആണ്‍സുഹൃത്ത് കാണിച്ചുകൊടുക്കുന്നത്.എന്നാല്‍, പിന്നീട് കുട്ടിയെ തിരികെ നാട്ടിലെത്തിച്ചു. ശേഷം ആറ്റിങ്ങലിലുള്ള മദ്രസയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠനശാല അധികൃതര്‍ കുട്ടിയുടെ അമ്മയുടെ വീട്ടില്‍ വിവരമറിയിച്ചു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്തില്‍ യുഎപിഎ ചുമത്തി കേസ് അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ എന്‍ഐഎയും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.യുവതിയുടെ വിവരങ്ങള്‍ തേടി എന്‍ഐഎയും അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആണ്‍സുഹൃത്തിന്റെ സഹോദരനെയും പൊലീസ് സംശയിക്കുന്നുണ്ട്. കനകമല കേസിലെ പ്രതിയാണ് കുട്ടിയുടെ മാതാവിന്റെ ആണ്‍ സുഹൃത്തിന്റെ സഹോദരനന്‍. കനകമല കേസില്‍ ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളും പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ കേരളത്തില്‍ സ്വീകരിച്ചത് ഇയാളാണ്. ആറ്റിങ്ങലിലെ മതപഠനശാലയിലാക്കിയതും ഇയാള്‍ തന്നെ. കുട്ടിയെ ഐഎസില്‍ല്‍ ചേരാന്‍ പ്രേരിപ്പിച്ചത് ഇയാളുടെ സമ്മര്‍ദം മൂലമെന്നും പൊലീസിന് സംശയിക്കുന്നു. ഗൗരവ സ്വഭാവത്തില്‍ അതീവരഹസ്യമായിട്ടാണ് പൊലീസ് കേസിന്റെ അന്വേഷണം നടത്തുന്നത്.