കൊല്ലം: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി. പ്രാക്കുളം പണ്ടാരഴികത്ത് സുനിലിനെ(38)യാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
നവംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് കൊല്ലം റെയിൽവേ സ്റ്റേഷൻവിട്ട് ചിന്നക്കട റെയിൽവേ ഓവർബ്രിഡ്‌ജിനു സമീപം എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടി.
വിവരമറിഞ്ഞയുടൻ ആർപിഎഫും ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. ഏഴിന് രാവിലെ ഇതേസ്ഥലത്ത് സംശയാസ്‌പദമായി കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ട്രെയിനിലെ ക്യാമറയിലെ സമയവും പിടികൂടിയ ആളുടെ മൊബൈൽ ലൊക്കേഷൻ സമയവും പരിശോധിക്കുകയും ചെയ്‌തു. റെയിൽവേ നിയമം-153 പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ആർപിഎഫ് ഇൻസ്പെക്‌ടർ ടി.ആർ. അനീഷ്, എഎസ്ഐ പി.എസ്. ജ്യോതീന്ദ്രൻ, തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്ഐ പ്രെയ്‌സ് മാത്യു, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾമാരായ അബ്‌ദുൾ സലാം, എസ്. മധു, കൊല്ലം സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ചിലെ വിജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.