ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. ഇന്നലെ അറസ്റ്റിലായ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.

ഉദ്യേഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയതെന്നും ഫയല്‍ നീക്കിയത് ഉദ്യോഗസ്ഥരെന്നും പത്മകുമാര്‍ മൊഴി നല്‍കി. ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം. എന്നാല്‍, പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നത്. പത്മകുമാറിന്റെ മൊഴിയില്‍ വിശദമായ അന്വേഷണത്തിന് എസ്‌ഐടി. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നല്‍കും.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.