തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയുടെ വീഴ്ച ആവര്‍ത്തിച്ച് കുടുംബം. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്‍റെ ഭാര്യ സിന്ധു.വേദന സഹിക്കാൻ കഴിയാതെ വന്നിട്ടും മരുന്ന് പോലും നൽകിയില്ല. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയിൽ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നൽകാൻ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. പിന്നീട് പെട്ടെന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്ന് പറഞ്ഞു. കാണാൻ പോലും സമ്മതിച്ചില്ലന്നും സിന്ധു പറയുന്നു.
തലവേദനയെന്ന് പറഞ്ഞ് നഴ്‌സുമാരെ സമീപിച്ചാൽപ്പോലും അറിയില്ലെന്നാണ് മറുപടി. മാലാഖമാരെന്ന് വിളിക്കപ്പെടുന്ന നഴ്സുമാർ പ്രവർത്തിയിലും അത് കാണിക്കണം. എന്നാലങ്ങനെയല്ല അവര്‍ ചെയ്തതെന്നും സിന്ധു ആരോപിച്ചു.’ഫോണില്‍ വിളിച്ചുപറഞ്ഞു, തലവേദനയാണ് വരണമെന്ന്. പക്ഷേ വന്നില്ല. അപ്പോഴേക്കും ഭര്‍ത്താവിന്റെ തലവേദന കൂടി. ഓട്ടോഡ്രൈവറായിരുന്നു അദ്ദേഹം. ആ വരുമാനത്തിലായിരുന്നു മുന്നോട്ട് പോയിരുന്നത്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥ കാരണമാണ് വേണു മരിച്ചത്’എന്നും ഭാര്യ ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 8.15 ഓടെയാണ് കൊല്ലം പന്മന സ്വദേശിയായ വേണു(48) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനായിരുന്നു വേണു മെഡിക്കല്‍ കോളേജില്‍ എത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ശബ്ദസന്ദേശത്തില്‍ ആരോപിച്ചിരുന്നു.