*ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം*

കൊച്ചി: ശബരിമലയിൽ ഇന്നലെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. മണ്ഡല മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. ആറ് മാസങ്ങൾക്ക് മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം. ഇവിടെ പരമാവധി എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്നതിന് കണക്കുകളുണ്ടോയെന്നും കോടതി ആരാഞ്ഞു. സെക്ടറുകളുടെ വിസ്തീർണ്ണം അനുസരിച്ച് വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാൻ. അല്ലാതെ വരുന്നവരെയെല്ലാം തിക്കിലും തിരക്കിലേക്കും കയറ്റിവിടുന്നത് തെറ്റായ സമീപനമെന്നും കോടതി പറഞ്ഞു. 
അങ്ങനെ തിക്കിതിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും കോടതി ചോദിച്ചു. കുട്ടികളും പ്രായമായവരും മണിക്കൂറുകളാണ് നീണ്ട ക്യൂവിൽ കാത്തുനിൽക്കുന്നത്. ഉത്സവം നടത്തുന്നത് പോലെ അല്ല, മണ്ഡല മകരവിളക്ക് സീസണിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം.

പൊലീസിനെ ഉപയോഗിച്ച് പരമാവധി തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി. എന്നാൽ, തിരക്ക് നിയന്ത്രിക്കൽ പൊലീസിന്‍റെ മാത്രം പണിയല്ലെന്നും ശാസ്ത്രീയമായി ഇത് കൈകാര്യം ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സംഘത്തെ നിയോഗിച്ച് ഓരോ സെക്ടറിലും ഇവർക്ക് ചുമതല നൽകുന്നത് ആലോചിക്കണമെന്ന് കോടതി പറഞ്ഞു. ഇതോടൊപ്പം ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതിലും ഉള്ളത് വൃത്തിഹീനമായി കിടക്കുന്നുവെന്ന വിവരങ്ങളിലും കടുത്ത അതൃപ്തി കോടതി അറിയിച്ചു.  

അതേസമയം, കോടതി വിമർശനത്തെ ശരിയായ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നുവെന്നും പ്രശ്നം സമയബന്ധിതമായി പരിഹരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പ്രതികരിച്ചു. ശബരിമലയിൽ ഇന്നലെ തിരക്ക് മൂലം ദര്‍ശനം നടത്താൻ കഴിയാതെ തീര്‍ത്ഥാടകര്‍ തിരിച്ചുപോകുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു. മലയാളികളടക്കമുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്താതെ മടങ്ങി പന്തളത്ത് പോയി നെയ്യഭിഷേകം നടത്തി മടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് തിരക്ക് അൽപമെങ്കിലും നിയന്ത്രണ വിധേയമായത്.