തിരുവനന്തപുരം: വര്‍ക്കലയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറില്‍ ആക്സോണല്‍ ഇന്‍ജ്വറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതിനാല്‍ സാധാരണ നിലയിലേക്കെത്താന്‍ സമയം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അബോധാവസ്ഥയില്‍ എത്രനാള്‍ തുടരുമെന്നും വ്യക്തമല്ല. അതേസമയം എല്ലുകള്‍ക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം സഹയാത്രികന്‍ തള്ളിയിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ പൊലീസ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തുകയും പിന്നീട് റെയില്‍വെ പൊലീസിന് കൈമാറുകയും ചെയ്തത്. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.