സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായി പോളിങ്. വോട്ടെടുപ്പ്: ഡിസം. 9, 11

തിരുവനന്തപുരം: കേരളത്തില്‍ മട്ടന്നൂര്‍ ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. തെരഞ്ഞെടുപ്പിനായി വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്‍വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും പെരുമാറ്റ ചട്ടം ബാധകമാണ്.
അതേസമയം 2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടര്‍ പ്രകാരമാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 2,84,30,761 വോട്ടര്‍മാരാണ് ഉള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14ന് പുറത്തിറങ്ങും. തെരഞ്ഞെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കും. വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിംഗ് മെഷീന്‍ നല്‍കും. പരമാവധി ഒരു ബാലറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമാണ് ഉണ്ടായിരിക്കുക.

അതേസമയം പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു. 1249 റിട്ടേണിംഗ് ഓഫീസര്‍മാരാണ് ഉണ്ടായിരിക്കുക. പ്രശ്‌ന ബാധ്യത ബൂത്തുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ഉത്തരവായി. ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാനും പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വോട്ടെടുപ്പിന്റെ 48 മണിക്കൂറും വോട്ട് എണ്ണുന്ന ദിവസവും മദ്യനിരോധനം ഏര്‍പ്പെടുത്തും. സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം അഞ്ച് വര്‍ഷത്തേക്ക് അയോഗ്യരാക്കുമെന്നും അറിയിപ്പില്‍ പറയുന്നു. രാവിലെ 7 മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക


#പെരുമാറ്റച്ചട്ടം നിലവിൽ 

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
 തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.  
മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും ജാതി മതത്തിന്‍റെ പേരിഷ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാൻ ജില്ലാ തല സമിതിയെ നിയോഗിക്കും. മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. പ്രശ്നബാധിത ബൂത്തുകളിൽ അധിക സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെടുപ്പിന് വെബ് കാസ്റ്റിങ് നടത്തും. പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഒരോ ജില്ലകളിലു നിരീക്ഷകരെ വെക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കും. ഹരിത ചട്ടം പാലിച്ചായിരിക്കണം പ്രചാരണം നടത്തേണ്ടത്. 

#ത്രിതലപഞ്ചായത്ത് : 


നിലവിൽ ഇടത് മുന്നണിക്ക് അഞ്ചിടത്ത് ഭരണംസംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ എൽഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്.

#നഗരസഭ: 

സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ള 87 നഗരസഭകളിൽ 44 നഗരസഭകളിൽ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 

#ജില്ലാപഞ്ചായത്ത് :

 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്.

#ബ്ലോക്ക്_പഞ്ചായത്ത് :


 സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്.

#ഗ്രാമപഞ്ചായത്ത്


 ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.