പാലക്കാടിനെ ഞെട്ടിച്ച കോടികളുടെ തട്ടിപ്പ് കേസിന് തിരശ്ശീല വീണു. കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത മണ്ണാർക്കാട് സ്വദേശിനി മുബീനയെ (35) പോലീസ് അറസ്റ്റ് ചെയ്തു.
താൻ മനിശ്ശേരിമനയിലെ കോടികൾ ആസ്തിയുള്ള ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൾ 'ഡോക്ടർ നിഖിത'യാണെന്ന് പരിചയപ്പെടുത്തിയാണ് മുബീന പൂജാരിയെ വലയിലാക്കിയത്. തറവാട്ടിൽ അവകാശികളില്ലെന്നും, പൂജാരിയെ ദത്തെടുത്ത് അനന്തരാവകാശിയാക്കാമെന്നും സ്റ്റാമ്പ് പേപ്പറിൽ എഴുതിക്കൊടുത്തു. ഒരു വർഷം നീണ്ട സൗഹൃദത്തിനൊടുവിൽ, നിർമ്മിക്കാൻ പോകുന്ന ഐവിഎഫ് ആശുപത്രിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പലപ്പോഴായി 68 ലക്ഷം രൂപ കൈക്കലാക്കി. ഡോക്ടറുടെ വേഷത്തിൽ സ്റ്റെതസ്കോപ്പ് ധരിച്ച് ജില്ലാ ആശുപത്രിയിൽ എത്തി ഇയാൾക്ക് വിശ്വാസ്യത ഉറപ്പുവരുത്താൻ മുബീന ശ്രദ്ധിച്ചു.
ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി, നിരവധി തട്ടിപ്പുകൾ നടത്തി വിവിധ ജില്ലകളിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഒടുവിൽ പ്രത്യേക അന്വേഷണ സംഘം ഇവരെ എറണാകുളത്തെ ലുലു മാളിൽ വെച്ച് പിടികൂടി.