ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.
വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സ്‌പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര്‍ കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.
സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ് കുറയ്‌ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.
പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി.
എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.