50ലക്ഷം രൂപയുടെ ആ ഡംബര ബൈക്ക് വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ്‌ ചികിത്സയിലായിരുന്ന മകൻ മരിച്ചു.

50ലക്ഷം രൂപയുടെ ആ ഡംബര ബൈക്ക് വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ്‌ ചികിത്സയിലായിരുന്ന മകൻ മരിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് മരണം. അച്ഛൻ വിനയാനന്ദനെതിരെ കൊലക്കുറ്റത്തിന് കേ സെടുക്കും. 
കഴിഞ്ഞമാസം ഒന്പതിന്‌ ഇവരുടെ വീട്ടിലായിരുന്നു സംഭവം. ആഡംബര ബൈക്ക് വാങ്ങാൻ പണം ആവശ്യപ്പെട്ട ഹൃദ്ദിക് ആദ്യം വിനയാനന്ദനെയാണ് വെട്ടുകത്തികൊണ്ട് ആക്രമിച്ചത്‌. തുടർന്ന് വിനയാനന്ദൻ ഹൃദ്ദിക്കിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു. വിനയാനന്ദനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ഹൃദ്ദിക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും ഇയാൾക്ക് മാനസികപ്രശ്‌നം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് വീട്ടുകാർ രോഗവിവരം പുറത്തറിയിച്ചില്ലെന്നാണ് അറിയുന്നത്. മതിയായ ചികിത്സയും നൽകിയിരുന്നില്ല. മകന്റെ പിടിവാശിയെ തുടർന്ന് വീട്ടുകാർ വായ്‌പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ജന്മദിനത്തിനുമുന്പ്‌ അമ്പത് ലക്ഷം മുടക്കി മറ്റൊരു ബൈക്ക് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് വഴക്കിട്ടത്‌. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് വിനയാനന്ദൻ. ബംഗളൂരുവിൽ കാറ്ററിങ് ടെക്‌നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏകമകനാണ്. അമ്മ: അനുപമ. വഞ്ചിയൂരില്‍ ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്.