കേൾക്കുമ്പോൾ ഒരു ഭ്രാന്തൻ സ്വപ്നം പോലെ തോന്നാമെങ്കിലും, 1996-ൽ തമിഴ്നാട്ടിലെ ഇടയംകുളം എന്ന കുഗ്രാമത്തിൽ നിന്ന് വന്ന ഒമ്പതാം ക്ലാസുകാരനായ രാമർപിള്ള, ഈ സ്വപ്നം യാഥാർത്ഥ്യമാക്കി എന്ന് അവകാശപ്പെട്ടു ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. ഒരു സുപ്രഭാതത്തിൽ ഇന്ത്യയെ ഗൾഫ് രാജ്യങ്ങളെക്കാൾ വലിയ സമ്പന്ന രാഷ്ട്രമാക്കി മാറ്റാൻ ശേഷിയുള്ള ഒരു അത്ഭുത കണ്ടുപിടുത്തത്തിന്റെ പേരിലാണ് രാമർ അറിയപ്പെട്ടത്. ദേശീയ മാധ്യമങ്ങളും എന്തിന് സാക്ഷാൽ ബിബിസി വരെ ഈ 'പച്ചില പെട്രോളിനെ' കുറിച്ച് വാർത്തയെഴുതി! രാമർ എന്ന 'കണ്ടുപിടിത്തത്തിന്റെ രാജാവിനെ' കാണാൻ ജനം ക്യൂ നിന്നു, പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ ഡീലർഷിപ്പിനായി അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ഒഴുകിയെത്തി. ഇന്ത്യയുടെ തലവര മാറ്റിയെഴുതും എന്ന് കരുതിയ ആ ആരവം അധികകാലം നീണ്ടുനിന്നില്ലെങ്കിലും, ആ കാലം ഒരു വലിയ അത്ഭുതമായിരുന്നു.
രാമർപിള്ളയുടെ ഈ 'മാജിക്' അരങ്ങേറിയത് മദ്രാസിലെ ഭരണസിരാകേന്ദ്രമായ സെന്റ്ജോർജ് ഫോർട്ടിൽ, അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി ഉൾപ്പെടെയുള്ള പ്രമുഖരുടെ മുന്നിലായിരുന്നു. രണ്ട് ലിറ്റർ വെള്ളത്തിൽ, രാമർ കുറച്ച് ഔഷധസസ്യവും ഉപ്പും നാരങ്ങാനീരും ഒരു ഉത്തേജകവും ചേർത്തു. 15 മിനിറ്റിന് ശേഷം ലഭിച്ച ഈ ദ്രാവകം ഒരു പേപ്പറിൽ ഒഴിച്ച് കത്തിച്ചപ്പോൾ അത് ആളിക്കത്തി! ഈ 'ലൈവ് ഡെമോ' കണ്ട നേതാക്കൾക്ക് അന്ന് ശാസ്ത്രീയമായ ഒരു ബോധവും ഉണ്ടായിരുന്നില്ല. രാമറിന് പേറ്റന്റ് നൽകാനും ഗവേഷണ ലാബ് സ്ഥാപിക്കാനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഈ സംഭവത്തിന് നാല് വർഷം മുമ്പ്, 1992-ൽ തന്നെ രാമർ തന്റെ ഗ്രാമത്തിൽ ഈ ഇന്ധനം ലിറ്ററിന് വെറും 2 രൂപയ്ക്ക് വിൽക്കാൻ തുടങ്ങിയിരുന്നു. രാത്രിയുടെ രണ്ടാം പകുതിയിൽ തോക്കേന്തിയ വളർത്തച്ഛനൊപ്പം ചെമ്പക്കക്കാട്ടിൽ പോയി അത്ഭുത സസ്യം തേടുന്നതുൾപ്പെടെയുള്ള നിഗൂഢതകൾ അദ്ദേഹം ചുറ്റും നിലനിർത്തി. സ്വന്തമായി ഉണ്ടാക്കിയ ഇന്ധനം ഉപയോഗിച്ച് വാഹനങ്ങൾ ഓടിച്ചുകാണിച്ചുകൊണ്ടും അദ്ദേഹം ജനത്തെ കൈയിലെടുത്തു. ഈ അതിശയങ്ങൾ കണ്ട് പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും രാമറിനെ സഹായിക്കാൻ തയ്യാറായി. ചെന്നൈയിൽ മാത്രം 11 വില്‍പ്പനശാലകള്‍ തുറന്ന് ലിറ്ററിന് 15 രൂപ മുതൽ 20 രൂപ വരെ നിരക്കിൽ ഇന്ധനം വിറ്റു. ഡീലർമാരിൽ നിന്ന് 2.27 കോടി രൂപയാണ് രാമർ തട്ടിയെടുത്തത്.
എന്നാൽ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് മുന്നിൽ ഈ തട്ടിപ്പ് അധികനാൾ പിടിച്ചു നിന്നില്ല. ഐഐടിയിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിലും നടന്ന ശാസ്ത്രീയ പരിശോധനകളിൽ രാമറിന്റെ ഇന്ധനം പരാജയപ്പെട്ടു. യഥാർത്ഥ പെട്രോളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് ശാസ്ത്രജ്ഞർ വിധിയെഴുതി. പക്ഷേ, അപ്പോഴും ഇത് ഇന്ത്യയുടെ വളർച്ച തടയാനുള്ള ഗൂഢാലോചനയാണെന്ന് പറഞ്ഞ് രാമർക്ക് വേണ്ടി വാദിച്ചവരുണ്ടായിരുന്നു. ഇന്ധനത്തിന്റെ ഫോർമുലയ്ക്കുവേണ്ടി തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നൊക്കെയുള്ള നാടകങ്ങളും അദ്ദേഹം കളിച്ചു.
വിവാദം കത്തിയതോടെ കേസ് സിബിഐ ഏറ്റെടുത്തു. അവരുടെ അന്വേഷണത്തിൽ ടൊളുവീൻ, നാഫ്ത തുടങ്ങിയ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് രാമർ തട്ടിപ്പ് ഇന്ധനം ഉണ്ടാക്കിയതെന്ന് തെളിഞ്ഞു. 2000-ൽ രാമർ അറസ്റ്റിലായി. 2016-ൽ എഗ്മോർ കോടതി അദ്ദേഹത്തെ മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു. നായകനിൽ നിന്ന് രാജ്യത്തെ കബളിപ്പിച്ച പ്രതിനായകനായി രാമർ മാറിയതോടെ സ്വന്തം ഗ്രാമത്തിൽ പോലും വെറുക്കപ്പെട്ടവനായി.
2016-ലെ ശിക്ഷയ്ക്ക് ശേഷം രാമർ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നോ ആർക്കും അറിയില്ല. മുംബൈയിലേക്ക് നാടുവിട്ടെന്നും അതല്ല കൊളംബോയിലുണ്ടെന്നുമൊക്കെയുള്ള പല കഥകളാണ് കേൾക്കുന്നത്. അടുത്തിടെ മരിച്ചുവെന്ന പ്രചാരണമുണ്ടായെങ്കിലും അതും സത്യമായിരുന്നില്ല. അടിസ്ഥാന ശാസ്ത്രബോധമില്ലാത്ത ഒരു സമൂഹത്തിൽ തട്ടിപ്പുകാർ എങ്ങനെ വാഴാം എന്നതിന്റെ ഏറ്റവും വലിയ കേസ് സ്റ്റഡിയായി രാമർപിള്ളയുടെ ജീവിതം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു.
