അരൂര്‍തുറവൂര്‍ ഉയരപ്പാത ദുരന്തം: മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

ഹരിപ്പാട്: അരൂര്‍തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണുണ്ടായ ദാരുണ അപകടത്തില്‍ മരിച്ച പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനത്തിലെ സി.ആര്‍. രാജേഷിന്റെ കുടുംബത്തിന് നിര്‍മാണക്കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് 25 ലക്ഷം രൂപ ധനസഹായം നല്‍കി.

ശനിയാഴ്ച രാവിലെ 11.30യ്ക്ക് രാജേഷിന്റെ വീട്ടിലെത്തിയ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ബി. പ്രദീപ്, രാജേഷിന്റെ ഭാര്യ ഷൈലജയ്ക്ക് 25 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറി. സഹായം കൈമാറുന്ന ചടങ്ങില്‍ ഉയരപ്പാത നിര്‍മാണക്കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ സിബില്‍ ശ്രീധര്‍, ഗ്രാമപഞ്ചായത്ത് അംഗം റേച്ചല്‍ വര്‍ഗീസ്, സ്‌പെഷല്‍ തഹസില്‍ദാര്‍ ബിജി, പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ കൊളഞ്ഞിക്കൊമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

രാജേഷിന്റെ പിതാവ് രാജപ്പന്‍, അമ്മ സരസമ്മ, മക്കളായ ജിഷ്ണുരാജ്, കൃഷ്ണവേണി, റവന്യൂ, വില്ലേജ്, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അപകടത്തില്‍ മരിച്ച രാജേഷിന്റെ കുടുംബത്തിന്റെ സാമ്പത്തിക പുനരധിവാസത്തിനായുള്ള ആദ്യഘട്ട സഹായമായിട്ടാണ് കമ്പനി ഈ തുക നല്‍കിയത്.