പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് ടി20 പരമ്പര സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. 2023-24ലും 2022ലും ഓസ്ട്രേലിയ ഇന്ത്യയില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ യഥാക്രമം 4-1നും 2-1നും പരമ്പര സ്വമന്തമാക്കിയിരുന്നു. 202-21നുശേഷം ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര ജയമാണിത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്.
ഇന്ത്യയുടെ വെടിക്കെട്ട് തുടക്കം, ചോരുന്ന കൈകളുമായി ഓസീസ്
അഞ്ചാം മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ഓവറിലെ അടി തുടങ്ങി. ബെന്‍ ഡ്വാര്‍ഷൂയിസിന്‍റെ നാലാം പന്ത് ബൗണ്ടറി കടത്തി തുടങ്ങിയ അഭിഷേക് ശര്‍മ തൊട്ടടുത്ത പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് ഗ്ലെൻ മാക്സ്‌വെല്‍ കൈവിട്ടത് ഇന്ത്യക്ക് അശ്വാസമായി. അടുത്ത പന്ത് ബൗണ്ടറി കടത്തി അഭിഷേക് ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ 11 റണ്‍സിലെത്തിച്ചു. എന്നാല്‍ പിന്നീട് അഭിഷേക് താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ ശുഭ്മാന്‍ ഗില്‍ ആക്രമണം ഏറ്റെടുത്തു. സേവിയര്‍ ബാര്‍ട്‌ലെറ്റിനെ ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ ഡ്വാര്‍ഷൂയിസ് എറിഞ്ഞ മൂന്നാം ഓവറില്‍ നാലു ബൗണ്ടറികള്‍ പറത്തി ഇന്ത്യയുടെ തുടക്കം കളറാക്കി.