ഇന്ത്യഓസ്‌ട്രേലിയ അഞ്ചാം ടി20 ഇന്ന്

ബ്രിസ്‌ബേന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാം ട്വന്റി20 മത്സരം ഇന്ന് ഗാബ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 1.45 മുതല്‍ നടക്കും. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്കാകും, അതേസമയം സ്വന്തം മണ്ണില്‍ പരമ്പര നഷ്ടം ഒഴിവാക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം അനിവാര്യമാണ്.

ബാറ്റിംഗ് നിരയിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്നം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗിലും മോശം ഫോമാണ് തുടരുന്നത്. കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളില്‍ ഗില്ലിന് അര്‍ധ സെഞ്ച്വറി നേടാനായിട്ടില്ലെങ്കിലും കാന്‍ബറയിലെ ബുദ്ധിമുട്ടുള്ള പിച്ചില്‍ 46 റണ്‍സ് നേടി ആത്മവിശ്വാസം വീണ്ടെടുത്തു. സൂര്യകുമാറും നല്ല തുടക്കത്തിന് ശേഷം സ്‌കോര്‍ നീട്ടാന്‍ പരാജയപ്പെടുകയാണ്. അടുത്ത മാസം ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുമ്പ് മികവ് വീണ്ടെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടുകയാണ്. മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ് എന്നിവരെയാണ് ഓസീസ് അധികമായി ആശ്രയിക്കുന്നത്, ഇത് ടീമിന് തിരിച്ചടിയായി മാറുന്നു.

അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ബെഞ്ചിലായേക്കും. മൂന്നാം ടി20യില്‍ എത്തിയ ജിതേഷ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെ വിന്നിംഗ് കോംബിനേഷന്‍ മാറ്റാന്‍ സാധ്യത കുറവാണ്. അതിനാല്‍ സഞ്ജുവിന്റെ അവസരം ഈ പരമ്പരയിലും ലഭിക്കില്ലെന്നാണ് സൂചന.

ഇന്ത്യയ്ക്ക് ഇന്ന് വിജയം ഉറപ്പാക്കാനാണ് ലക്ഷ്യം, ഓസ്‌ട്രേലിയയ്ക്ക് പരമ്പര സമനിലയാക്കാനാണ് പോരാട്ടം. ഗാബയിലെ പിച്ച് ബാറ്റിംഗ് സൗഹൃദമാണെന്നതിനാല്‍ വന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം.