കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്രമത്സരം; ശ്രീലങ്കയുമായുള്ള ഇന്ത്യൻ വനിതകളുടെ ടി20 മത്സരം ഡിസംബറിൽ

ഒരിടവേളക്ക് ശേഷം തിരുവന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുകയാണ്. ഇന്ത്യൻ വനിതകളുടെ ക്രിക്കറ്റ് മത്സരമാണ് അരങ്ങേറുക.

ശ്രീലങ്കയുമായുള്ള മൂന്ന് മത്സരങ്ങളങ്ങിയ പരമ്പര ഡിസംബർ അവസാനത്തിലാണ് നടക്കുന്നത്. ഡിസംബർ 26 , 28 , 30 എന്നീ തിയ്യതികളിലാണ് മത്സരങ്ങൾ. മൂന്ന് മത്സരവും ഗ്രീൻഫീൽഡിൽ തന്നെയാണ് നടക്കുക.
നേരത്തെ ബംഗ്ലാദേശുമായുള്ള പരമ്പരയാണ് തീരുമാനിച്ചതെങ്കിലും ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് ശ്രീലങ്കയെ പരിഗണിച്ചതും തിരുവന്തപുരത്തിന് വേദിയാകാൻ നറുക്ക് വീണതും.
നേരത്തെ ഇന്ത്യയിൽ നടന്ന വനിതാ ഏകദിന ലോകകപ്പ് വേദിയായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കിയിരുന്നു. അന്ന് നിരാശരായ മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ് ഈ വാർത്ത.