ഡൽ​ഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ., സ്‌ഫോടനത്തിൽ 13 മരണം; 26 പേർക്ക് പരുക്ക്, പലരുടെയും നില അതീവ ഗുരുതരം

ഡൽ​ഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് ഐ20 കാറെന്ന് ഡൽ​ഹി പൊലീസ്. വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ എന്നാണ് വിവരം. സ്ഫോടനം സംഭവിച്ചത് വാഹനത്തിന്റെ പുറകിൽ നിന്ന് എന്നും സൂചന. ഓൾഡ് ഡൽഹി മുതൽ ഉള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. സ്ഫോടനത്തെത്തുടർന്ന്, വിമാനത്താവളങ്ങൾ, ഡൽഹി മെട്രോ, സർക്കാർ കെട്ടിടങ്ങൾ, മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ സിഐഎസ്എഫ് അതീവ ജാഗ്രതാ നിർദേശം നൽകി.
“ചെങ്കോട്ട ട്രാഫിക് സിഗ്നലിൽ നിർത്തിയ വാഹനത്തിൽ സ്‌ഫോടനം ഉണ്ടായി. കാറിൽ യാത്രക്കാരുണ്ടായിരുന്നു. സ്‌ഫോടനത്തിൽ സമീപത്തുള്ള കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു,” ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ഭീകരവിരുദ്ധ സ്ക്വാഡും ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും സ്ഥലത്തുണ്ട്. സംഭവത്തിൽ സമ​ഗ്ര അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
ജമ്മു കശ്മീർ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണത്തിന്റെ ഭാഗം ആകും. എൻഎസ്ജി കമൻഡോ സംഘം സ്ഫോടന സ്ഥലത്ത് എത്തി. 13 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫേടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ രാജ്യവ്യാപകമായി പരിശോധനയും പുരോ​ഗമിക്കുന്നുണ്ട്.