ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ഓവറിലെ അടി തുടങ്ങി. ബെന്‍ ഡ്വാര്‍ഷൂയിസിന്‍റെ നാലാം പന്ത് ബൗണ്ടറി കടത്തി തുടങ്ങിയ അഭിഷേക് ശര്‍മ തൊട്ടടുത്ത പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് ഗ്ലെൻ മാക്സ്‌വെല്‍ കൈവിട്ടത് ഇന്ത്യക്ക് അശ്വാസമായി. അടുത്ത പന്ത് ബൗണ്ടറി കടത്തി അഭിഷേക് ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ 11 റണ്‍സിലെത്തിച്ചു. എന്നാല്‍ പിന്നീട് അഭിഷേക് താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ ശുഭ്മാന്‍ ഗില്‍ ആക്രമണം ഏറ്റെടുത്തു. സേവിയര്‍ ബാര്‍ട്‌ലെറ്റിനെ ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ ഡ്വാര്‍ഷൂയിസ് എറിഞ്ഞ മൂന്നാം ഓവറില്‍ നാലു ബൗണ്ടറികള്‍ പറത്തി ഇന്ത്യയുടെ തുടക്കം കളറാക്കി.നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറില്‍ അഭിഷേകിനെ വീണ്ടും ഡ്വാര്‍ഷൂയിസ് കൈവിട്ടതിന് പിന്നാലെ സിക്സ് പറത്തി അഭിഷേക് ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കി.
സേവിയര്‍ ബാര്‍ട്‌ലെറ്റ് എറിഞ്ഞ അഞ്ചാം ഓവറില്‍ അഞ്ച് പന്ത് എറിഞ്ഞതിന് പിന്നാലെ മഴയെത്തി. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. നേരത്തെ ടോസ് ജയിച്ച ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വര്‍മക്ക് പകരം റിങ്കു സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ടി20 പരമ്പര 3-1ന് സ്വന്തമാക്കാം. ഓസീസ് ജയിച്ചാല്‍ പരമ്പര 2-2 സമനിലയാവും. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തിയത്. ഗാബയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇതിന് മുൻപ് ഏറ്റുമുട്ടിയത് ഒരേയൊരു ടി20 മത്സരത്തിലാണ്. 2018ൽ ഓസ്ട്രേലിയ നാല് റൺസിന് ആ മത്സരം ജയിച്ചു.