റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്: ബംഗ്ലാദേശ് എ ടീമിനെതിരെ ഇന്ത്യക്ക് 195 റണ്‍സ് വിജയലക്ഷ്യം

ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ബംഗ്ലാദേശ് എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് 195 റണ്‍സ് വിജയലക്ഷ്യം. ദോഹയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ ഹബീബുര്‍ റഹ്മാന്‍ സോഹന്റെ (46 പന്തില്‍ 65) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എസ് എം മെഹറോബ് (18 പന്തില്‍ പുറത്താവാതെ 48) ഇന്നിംഗ്‌സാണ് മത്സരത്തില്‍ നിര്‍ണായകമായത്. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഗംഭീര തുടക്കമായിരുന്നു ബംഗ്ലാദേശിന്. ഒന്നാം വിക്കറ്റില്‍ സോഹന്‍ - ജിഷാന്‍ ആലം (14 പന്തില്‍ 26) സഖ്യം 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ ജിഷാന്‍ മടങ്ങിയതിന് പിന്നാലെ റണ്‍നിരക്ക് കുറഞ്ഞു. സവാദ് അബ്രാര്‍ (13), അക്ബര്‍ അലി (9), അബു ഹൈദര്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ സോഹനും മടങ്ങി. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് അവസാന രണ്ട് ഓവറുകളില്‍ മെഹറോബും - യാസര്‍ അലിയും (9 പന്തില്‍ പുറത്താവാതെ 17) നടത്തിയ പ്രകടനമാണ് സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്. ഇരുവരും 64 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യക്ക് വേണ്ടി ഗുര്‍ജപ്‌നീത് സിംഗ് രണ്ട് വിക്കറ്റെടുത്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരെ കളിച്ച മത്സരത്തില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്ഥാനെതിരെ ടീം പരാജയപ്പെടുകയായിരുന്നു. മറ്റൊരു സെമിയില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ നേരിടും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.