കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി. ഇന്ത്യയില്‍ നടക്കുന്ന ഒരു ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ഒരു പേസര്‍ അഞ്ച് വിക്കറ്റ് നേടുന്നത് 17 വര്‍ഷത്തിനുശേഷമാണ്. അവസാനമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന് 2008 ഏപ്രിലില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു. 2019ല്‍ കൊല്‍ക്കത്തയിലെ ഡേനൈറ്റ് ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയും ആദ്യ ദിനം തന്നെ അഞ്ച് വിക്കറ്റ് നേടിയിരുന്നെങ്കിലും അത് പിങ്ക് ബോളില്‍ നടന്ന മത്സരമായിരുന്നു. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ മാറ്റ് ഹെന്റിയും അഞ്ച് വിക്കറ്റ് നേടിയെങ്കിലും മഴയെത്തുടര്‍ന്ന് ആദ്യ ദിനം പൂര്‍ണമായി നഷ്ടമായതിനാല്‍ അത് സാങ്കേതികമായി രണ്ടാം ദിനം നേടിയ നേട്ടമായി കണക്കാക്കപ്പെട്ടു. ഇന്ന് നേടിയ അഞ്ച് വിക്കറ്റുകള്‍ ബുമ്രയുടെ ടെസ്റ്റ് കരിയറിലെ 16ാമത്തെ ‘ഫൈവ്‌ഫോര്‍’ആണ്. ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുമ്ര ഇനി നാലുപേരുടെ പിന്നില്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളിലെ ബൗളര്‍മാരില്‍ അഞ്ച് വിക്കറ്റ് നേടുന്നതില്‍ ബുമ്ര ഇപ്പോള്‍ മൂന്നാം സ്ഥാനത്തും. ദക്ഷിണാഫ്രിക്കക്കെതിരെ ബുമ്ര കളിച്ച 9 ടെസ്റ്റുകളില്‍ ഇത് നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്. 14 ടെസ്റ്റില്‍ അഞ്ച് തവണ ‘ഫൈവ്‌ഫോര്‍’നേടിയിട്ടുള്ള ഡെയ്ല്‍ സ്‌റ്റെയ്‌നും അശ്വിനുമാണ് ബുമ്രയുടെ മുന്നിലുള്ളവര്‍