റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ 17(നവംബർ) മുതൽ ഓൺലൈനായി അപേക്ഷിക്കാം

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബി.പി.എല്‍) മാറ്റാന്‍ വീണ്ടും അവസരം. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (
ecitizen.civilsupplieskerala.gov.in
) വഴിയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനാവും.

പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട്, വരുമാന വിവരങ്ങളും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാനാവും. ഇത്തരത്തിൽ മാറ്റുന്നതിനാണ് നിലവിൽ അവസരമൊരുങ്ങുന്നത്. രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായാണ് കണക്കുകൾ.

വൃക്ക, കരൾ, ഹൃദ്രോഗമുള്ളവർ, കാൻസർ ബാധിതർ എന്നിവർക്ക് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി കാർഡുകൾ ലഭ്യമാക്കാനാണ് ശ്രമമെന്ന് അധികൃതർ വ്യക്തമാക്കി. മതിയായ രേഖകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.



*ഹാജരാക്കേണ്ട രേഖകള്‍*

* ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം
* ഡയാലിസിസ് ഉള്‍പ്പെടെ ഗുരുതര, മാരക രോഗം ഉള്ളവര്‍: ചികിത്സാരേഖകളുടെ പകര്‍പ്പ്
* പട്ടിക ജാതി-വര്‍ഗം: തഹസില്‍ദാരുടെ ജാതി സര്‍ട്ടിഫിക്കറ്റ്
* ഗൃഹനാഥ വിധവയാണെങ്കില്‍: വില്ലേജ് ഓഫീസറുടെ നോണ്‍ റീമാരേജ് സര്‍ട്ടിഫിക്കറ്റ്, നിലവിലെ പെന്‍ഷന്‍ രേഖകള്‍
* സ്വന്തമായി സ്ഥലമില്ലാത്തവര്‍: വില്ലേജ് ഓഫീസറുടെ ഭൂരഹിത സര്‍ട്ടിഫിക്കറ്റ്
* 2009-ലെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍: ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം
* ഏതെങ്കിലും ഭവനപദ്ധതി പ്രകാരം വീടു ലഭിച്ചിട്ടുണ്ടെങ്കില്‍: വീടു നല്‍കിയ വകുപ്പിന്റെ സാക്ഷ്യപത്രം
* റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയ വരുമാനത്തില്‍ കുറവുണ്ടെങ്കില്‍: വരുമാന സര്‍ട്ടിഫിക്കറ്റ്
* റേഷന്‍കാര്‍ഡില്‍ നല്‍കിയിട്ടുള്ള കെട്ടിട വിസ്തീര്‍ണത്തില്‍ കുറവുണ്ടെങ്കില്‍: വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം
* 2009-ലെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബമാണെങ്കില്‍: പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം
* സ്വന്തമായി വീടില്ലെങ്കില്‍: പഞ്ചായത്തു സെക്രട്ടറിയുടെ ഭവനരഹിത സാക്ഷ്യപത്രം
* ഭിന്നശേഷിക്കാര്‍: ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍/ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്.