ആദ്യഘട്ടത്തിൽ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടു പോയതെന്നും എന്നാൽ സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കാൻ നിർബന്ധിതരായതാണെന്നും കെ.ജി.എം.സി.ടി.എ പറയുന്നു. മൂന്ന് ദിവസങ്ങളിലായി ഒ.പി. ബഹിഷ്‌കരണം നടത്തിയപ്പോൾ, ദൂരപ്രദേശങ്ങളിൽ നിന്ന് പോലും മുതിർന്ന ഡോക്ടർമാർ റഫർ ചെയ്ത് വിദഗ്ധചികിത്സയ്ക്കായി എത്തിയ രോഗികൾക്ക് പി.ജി. വിദ്യാർത്ഥികളിലൂടെ താൽക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുള്ളൂ.എന്നിട്ടും പ്രശ്നപരിഹാരത്തിനോ സമരത്തിനോടുള്ള ഇടപെടലിനോ സർക്കാർ തയ്യാറായില്ലെന്നും സംഘടന. ഈ സമരം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കെ.ജി.എം.സി.ടി.എയുടെ പ്രധാന ആവശ്യങ്ങൾ
1. പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക.
2. 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക.
3. പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ അക്കാദമിക് തസ്തികകൾ സൃഷ്ടിക്കുക.
4. അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക.
5. ഒഴിവ് കിടക്കുന്ന തസ്തികകളിൽ അടിയന്തിര നിയമനം നടത്തുക.
6. മെഡിക്കൽ കോളേജുകളിൽ അധ്യാപകർക്കും രോഗികൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
7. പെൻഷൻ സീലിംഗ് സംബന്ധമായ അപാകത പരിഹരിക്കുക.
8. ഡി.എ. കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക.