അജ്ഞാത വാഹനം ഇടിച്ച് കിളിമാനൂർ സ്വദേശി മരിച്ച സംഭവം; ഇടിച്ചിട്ട കാർ പാറശ്ശാല SHOയുടേത്

തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ച സംഭവത്തിൽ വാഹനം തിരിച്ചറിഞ്ഞു. ഇടിച്ചത് പാറശ്ശാല SHO അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം.CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആർ. .വാഹനമിടിച്ചിട്ട കൂലിപ്പണിക്കാരൻ രാജൻ റോഡിൽ ചോരവാർന്നാണ് മരണപ്പെട്ടത്. ഒരു മണിക്കൂറോളം രാജൻ റോഡിൽ കിടന്നു. പുലർച്ചെ 6 മണിയോടെയാണ് രാജനെ ചോരയിൽകുളിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിന്നീട് കിളിമാനൂർ പൊലീസിന്റെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കുകയായിരുന്നു.വാഹനം ഓടിച്ചത് അനിൽകുമാർ ആണോ എന്ന് അന്വേഷിക്കും. അനിൽകുമാർ തന്നെയാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞാൽ സസ്‌പെൻഷൻ അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കിളിമാനൂർ പൊലീസിന്റെ നീക്കം. കൂടുതൽ സിസിടിവി കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണത്തിൽ മാത്രമേ കാർ ഓടിച്ചത് അനിൽകുമാർ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. അടുത്തദിവസം SHO യോട് കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് ചോദ്യം ചെയ്യാനാണ് നീക്കം.