അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതായി നടന്‍ ബാബുരാജ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാബു രാജിന്‍റെ പിന്മാറ്റം. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചിട്ടുണ്ട്. 'വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്', എന്നായിരുന്നു ബാബുരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.