കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ് അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന് ജസ്റ്റിസ് വര്‍മ ഹര്‍ജിയില്‍ പറയുന്നു.തന്നെ പദവിയില്‍ നിന്നും നീക്കണമെന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ പറയുന്നു.