അറിയാത്ത നമ്പരിൽ നിന്നും വീഡിയോ കാൾ വരുമ്പോൾ ചാടിക്കേറി എടുക്കല്ലേ… എട്ടിന്‍റെ പണി കിട്ടും; മുന്നറിയിപ്പുമായി കേരള പൊലീസ്

അറിയാത്ത നമ്പരിൽ നിന്നും വീഡിയോ കാൾ വരുമ്പോൾ അറ്റൻഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്സ് ആപ്, മെസഞ്ചർ, മറ്റ് ആപ്പുകൾ തുടങ്ങിയവയിലൂടെ വരുന്ന പരിചയമില്ലാത്ത വീഡിയോ കാൾ അറ്റൻഡ് ചെയ്യുമ്പോൾ മറുവശത്ത് സൈബർ തട്ടിപ്പുകാരാണെങ്കിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. തുടർന്ന് ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ തട്ടിപ്പുകാർ റെക്കോർഡ് ചെയ്തെടുക്കും. ശേഷം പണം ആവശ്യപ്പെടുകയും പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോർഫ് ചെയ്ത ന്യൂഡ് വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.

ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ വീ‍ഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുക, പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിരാകരിക്കുക എന്നിവയാണ് ഇതിൽ പെടാതിരിക്കാനുള്ള വഴികളെന്നും പൊലീസ് നിർദേശത്തിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്:

വാട്സ് ആപ്, മെസഞ്ചർ, മറ്റ് ആപ്പുകൾ തുടങ്ങിയവയിലൂടെ വരുന്ന പരിചയമില്ലാത്ത വീഡിയോ കാൾ അറ്റൻഡ് ചെയ്യുമ്പോൾ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോർഫ് ചെയ്ത ന്യൂഡ് വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത് ഓൺലൈൻ തട്ടിപ്പുരീതികളിൽ ഒന്നാണ്. സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ചിലരെങ്കിലും മാനഹാനി ഭയന്ന് തട്ടിപ്പുകാർക്ക് വഴങ്ങും. അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുക. പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിരാകരിക്കുക.